മലയാളത്തിൽ രാഷ്ട്രീയം വിതച്ച നാടകക്കാലം...

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ ആശയങ്ങളിലൂടെ മാറ്റത്തിന്റെ കാറ്റ് വിതച്ചൊരു നാടകക്കാലമുണ്ടായിരുന്നു. ഓരോ നാടകങ്ങളും ഓരോ ചോദ്യങ്ങളായി മാറിയ കാലം. സമൂഹത്തിലെ അസമത്വങ്ങളെ ചോദ്യം ചെയ്തവയ്ക്ക് വിലക്കും എതിർപ്പും നേരിടേണ്ടി വന്നു. നാടകങ്ങൾ പറഞ്ഞു വെച്ച ആശയങ്ങൾ അപ്പോഴും സമൂഹത്തിൽ നിറഞ്ഞു നിന്നു. അതിൽ പ്രധാനമായിരുന്നു രാഷ്ട്രീയ നാടകങ്ങൾ.
അഭിനയപ്രധാനമായ ഒരു പാരമ്പര്യമല്ല മലയാളനാടകത്തിന്റേത്. അക്കാലത്ത് ആശയങ്ങളാണ് മുന്നിട്ട് നിന്നത്. സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തി വാഴുന്ന കാലത്താണ് മാനവികബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടകസങ്കല്പം കേരളത്തിൽ പിറവികൊള്ളുന്നത്. ലോകമെമ്പാടും സംഭവിച്ച സാമൂഹികപരിണാമങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും അതിന് പ്രചോദനമായി.
കമ്മ്യുണിസ്റ്റ് ആശയലോകത്തു നിന്നു കൊണ്ടാണ് കെ ദാമോദരൻ മലയാള നാടകചരിത്രത്തിലെ നാഴികക്കല്ലായ ആദ്യ രാഷ്ട്രീയ നാടകം പാട്ടബാക്കി രചിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം ഇടശ്ശേരിയുടെ കൂട്ടുകൃഷി, ചെറുകാടിന്റെ നമ്മളൊന്ന് എന്നീ നാടകങ്ങളും പിറന്നു. പൊന്നാനി താലൂക്ക് കര്‍ഷകസമ്മേളനത്തിന്റെ ഭാഗമായുള്ള ചർച്ചയിൽ "തനിക്കൊരു നാടകമെഴുതിക്കൂടേ' എന്ന ഇ എം എസ്സിന്റെ ചോദ്യത്തിൽ നിന്നാണ് കെ ദാമോദരൻ രണ്ടു ദിവസം കൊണ്ട് എഴുതി തീർത്ത പാട്ടബാക്കി നാടകത്തിന്റെ ജനനം.
ജന്മി കുടിയാൻ ബന്ധത്തിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയാണ് പാട്ടബാക്കിയുടെ ഇതിവൃത്തം. കർഷകപ്രസ്ഥാനത്തിന്റെ സംഘാടകരായിരുന്ന എ കെ ഗോപാലൻ, കെ എ കേരളീയൻ, കെ പി ആർ ഗോപാലൻ, സർദാർ ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ തുടങ്ങിയവർ അഭിനേതാക്കളായ നാടകം മലബാറിലുടനീളവും കൊച്ചിയുടെ പലഭാഗത്തും നാടകം അവതരിപ്പിച്ചു. നാടകം ജനകീയമായി. സമകാലിക ഇതിവൃത്തത്തിൽ നിന്നു കൊണ്ടുള്ള കലാവിഷ്കാരമാകയാൽ മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം വിജയമായി.

മലയാള രാഷ്ട്രീയ നാടക ചരിത്രത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ‘കൂട്ടുകൃഷി’ രചിക്കപ്പെടുന്നത്. മതത്തിന്റെയും ജന്മിത്തത്തിന്റെയും അതിർവരമ്പുകൾ വെട്ടിമാറ്റി ഒരു നവലോക സൃഷ്ടിക്കായി കളമൊരുക്കേണ്ടതുണ്ടെന്ന ആശയം അവതരിപ്പിച്ചു കൊണ്ടാണ് കൂട്ടുകൃഷി രംഗത്തെത്തിയത്. നാടകം മുന്നോട്ടുവച്ച പുരോഗമനാശയങ്ങളെ ജനങ്ങൾ വൻ ആവേശത്തോടെയാണ് സ്വീകരിച്ചത്. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വിലാപങ്ങളും പ്രതിഷേധവുമാണ് ചെറുകാടിന്റെ നമ്മളൊന്നിലൂടെയും അവതരിപ്പിക്കപ്പെട്ടത്.
ജനാധിപത്യ സമൂഹത്തിന്റെ പ്രതിഷേധങ്ങൾ തന്നെയായിരുന്നു രാഷ്ട്രീയ നാടകങ്ങൾ. വി ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, എം ആർ ബിയുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം, പ്രേംജിയുടെ ഋതുമതി, എന്നിങ്ങനെയുള്ള സാമൂഹ്യനാടകങ്ങളും പുരോഗമന സമൂഹത്തിലേക്കുള്ള വഴികാട്ടികളായിരുന്നു. നാടകീയത നഷപ്പെടുത്താത്ത രാഷ്ട്രീയനാടകങ്ങളായി ഇവ ഇപ്പോഴും രംഗവേദിയിലെ പുതുപ്രവണതകളെ ഉൾക്കൊണ്ട് നിലനിൽക്കുന്നു.










0 comments